Thiruvananthapuram

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

02 Oct 2026, 04:22 AM

 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് സമീപം എസ്‌എഫ്‌ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫൈദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ ആദ്യ അറസ്റ്റാണിത്.

ബുധനാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തിൽ സംഘർഷാവസ്ഥ ഉണ്ടായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യമുന്നയിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ‘റസിസ്റ്റൻസ് മാർച്ച്’ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

മാർച്ചിനിടെ ഹോസ്റ്റലിൽനിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ മാർച്ചിൽ പങ്കെടുത്തവരാണ് ആദ്യം പ്രകോപനം സൃഷ്ടിച്ചതെന്നാണ് ഹോസ്റ്റൽ വിദ്യാർഥികളുടെ വാദം. സമരക്കാർ ഹോസ്റ്റലിലേക്ക് തീപ്പന്തം ഉൾപ്പെടെയുള്ള വസ്തുക്കൾ എറിഞ്ഞതോടെയാണ് സ്ഥിതിഗതികൾ വഷളായതെന്നും വിദ്യാർഥികൾ ആരോപിച്ചു.

തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജ് ക്യാമ്പസിനുള്ളിലേക്ക് പ്രവേശിക്കുകയും അവിടെ സ്ഥാപിച്ചിരുന്ന കൊടിതോര cmണങ്ങളും ബോർഡുകളും നശിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറും ഏറ്റുമുട്ടലും ഉണ്ടായി.

സംഘർഷം പിന്നീട് കൂടുതൽ രൂക്ഷമായതോടെ ഏകദേശം അരമണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ തുടർന്നു. സംഭവത്തിൽ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്‌എഫ്‌ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമോയെന്നത് പൊലീസ് അന്വേഷണത്തിന് പിന്നാലെ വ്യക്തമാകും.

Tags: