Thiruvananthapuram

ഇൻസ്റ്റഗ്രാം ചതി കൊലപാതകത്തിലേക്ക് നയിച്ചോ? അഭിരാം വധക്കേസിൽ കൂടുതൽ അന്വേഷണവുമായി ശ്രീകാര്യം പോലീസ്

08 Nov 2026, 10:48 AM

അഭിരാമിനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി ശ്രീകാര്യം പോലീസ്. ഇൻസ്റ്റഗ്രാം വഴിയുള്ള ചതിയാണ് സംഭവത്തിന് പിന്നിലെന്ന ആരോപണങ്ങൾക്കിടെ, കേസിലെ പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങളും ഒന്നാം പ്രതിയുടെ പ്രായവുമായി ബന്ധപ്പെട്ട സംശയങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നു.

കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന രണ്ടാം പ്രതി കല്ലമ്പള്ളി സ്വദേശി ഉമർ (22), മൂന്നാം പ്രതി മണക്കാട് സ്വദേശി ആനന്ദ (18) എന്നിവരെ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങി.

അന്വേഷണത്തിനിടെ പ്രതികൾ നിരന്തരം മൊഴികൾ മാറ്റുന്നതായാണ് വിവരം. അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തെളിവുകളും കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

അതേസമയം, കേസിലെ ഒന്നാം പ്രതിയായ 17-കാരനെയും നാലാം പ്രതിയായ ഐശ്വര്യയെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കേസിലെ ദുരൂഹതകൾ നീക്കി കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.