Football

ഇംഗ്ലണ്ട് ആ തെറ്റ് ഒരിക്കലും ചെയ്യരുതായിരുന്നു

16 Jul 2026, 05:19 PM

അർജന്റീന–ഇംഗ്ലണ്ട് കടുത്ത സെമി പോരാട്ടത്തിനൊടുവിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഇംഗ്ലണ്ട് തോൽക്കാൻ കാരണം എന്താണെന്നതാണ്. ഒരു പക്ഷേ അർജന്റീന ആരാധകർ തന്നെയായിരിക്കും ഇക്കാര്യം കൂടുതൽ പറയുന്നത്. എന്തെന്നാൽ ഇംഗ്ലണ്ട് ആദ്യം അർജന്റീനയുടെ വലയിൽ ഗോൾ അടിക്കരുതായിരുന്നു എന്നാണ് അവരുടെ വാദം. കേൾക്കാൻ രസകരമായ ഒരു കാര്യമാണെങ്കിലും കഴിഞ്ഞ ഒന്നോ രണ്ടോ മത്സരങ്ങൾ പരിശോധിച്ചാൽ അതിൽ യാഥാർഥ്യമുണ്ടെന്ന് തോന്നും.
പതിഞ്ഞ താളത്തിൽ കളി തുടങ്ങുന്ന അർജന്റീന തങ്ങളുടെ പോസ്റ്റിൽ ഗോൾ വീണാൽ അപ്പോൾ തന്നെ പത്ത് പേരും സടകുടഞ്ഞ് എഴുന്നേറ്റ് എങ്ങനെയെങ്കിലും തിരിച്ചടിക്കണം എന്ന മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. മത്സരത്തിന്റെ ഗതി മാറ്റാൻ ആവശ്യമായ സമയത്ത് ഹെഡ് കോച്ച് ലയണൽ സ്കലോണി നടത്തുന്ന സബ്സ്റ്റിറ്റ്യൂഷനുകളും ടീമിന് വലിയ ആത്മവിശ്വാസം നൽകാറുണ്ട്. അതിന് ശേഷം അർജന്റീന ആരാധകരുടെ ഭാഷയിൽ പറഞ്ഞാൽ ടീം “ഗോസ്റ്റ് മോഡിലേക്കാണ്” പോകുന്നത്.
കളിക്കളത്തിൽ മായാജാലം തീർക്കാൻ മെസ്സിയെ പോലൊരു താരമുള്ളപ്പോൾ എത്ര ഗോളിന് പിന്നിലായാലും തിരികെ വരാമെന്ന ആത്മവിശ്വാസം അർജന്റീന ടീമിനുണ്ട്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ വമ്പൻ ടീമുകൾ പോലും അർജന്റീനയ്ക്ക് മുന്നിൽ പലപ്പോഴും അടി പതറുന്നത്. ഈ മത്സരത്തിലും അതുതന്നെയാണ് കണ്ടത്. ആദ്യ പകുതിയിൽ ഇരുടീമുകളും സമനിലയിൽ പൊരുതി പിരിഞ്ഞെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിന്നിലായ അർജന്റീന പിന്നീട് പുറത്തെടുത്ത പ്രകടനം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.
മധ്യനിരയിൽ സ്കലോണി നടത്തിയ മാറ്റങ്ങൾ ടീമിന് കൂടുതൽ കരുത്തായി. പന്ത് കൈവശം വച്ച് ആക്രമണം ശക്തമാക്കിയ അർജന്റീന തുടർച്ചയായി ഇംഗ്ലണ്ടിന്റെ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. നിരവധി മികച്ച ഗോൾ അവസരങ്ങൾ മെസിയും സംഘവും സൃഷ്ടിച്ചെങ്കിലും ഇംഗ്ലണ്ട് ഗോൾകീപ്പറുടെ മികച്ച സേവുകളും പ്രതിരോധനിരയുടെ ഇടപെടലുകളും കാരണം ഗോൾ വൈകുകയായിരുന്നു. ഒടുവിൽ 85-ാം മിനിറ്റിൽ സമനില ഗോൾ പിറന്നതോടെ മത്സരത്തിന്റെ ആവേശം ഇരട്ടിയായി.
വിജയഗോളിനായി അധിക സമയം കാത്തിരിക്കേണ്ടി വന്നില്ല. ഇൻജുറി ടൈമിന്റെ 90+2-ാം മിനിറ്റിൽ മെസി നൽകിയ കൃത്യമായ ക്രോസിൽ മുന്നേറ്റ താരം ലൗട്ടറോ മാർട്ടിനസ് ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. ആ ഗോളോടെ അർജന്റീന ഫൈനൽ ഉറപ്പിക്കുകയും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അവസാനിക്കുകയും ചെയ്തു. മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ അർജന്റീന താരങ്ങളും ആരാധകരും ആവേശം ആഘോഷമാക്കിയപ്പോൾ മറ്റൊരു തകർപ്പൻ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച സന്തോഷത്തിലായിരുന്നു ഫുട്ബോൾ ലോകവും.

Tags: