Thiruvananthapuram

കേരള ചരിത്രത്തിൽ ആദ്യമായി; സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് നടത്താൻ സർക്കാർ

14 Jul 2026, 03:20 AM

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലർ സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ദൈവനാമത്തിലും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് നിയമാനുസൃതമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കോടതി നിർദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സുഗതൻ ഒഴികെയുള്ള 19 കൗൺസിലർമാരും വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തങ്ങളുടെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി. എന്നാൽ കാപ്പ കേസിൽ ജയിലിൽ കഴിയുകയായിരുന്നതിനാൽ സുഗതന് അന്ന് സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ സത്യപ്രതിജ്ഞ നടത്തുന്നതിനായി ആവശ്യമായ അനുമതി തേടി അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച നെടുമങ്ങാട് കോടതി സുഗതന് ഇടക്കാല അവധി അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാടിൽ, സുഗതന് സത്യപ്രതിജ്ഞ ചെയ്യുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ ഒരുക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഇടക്കാല അവധിയുടെ ആവശ്യകത ഒഴിവാകുകയും ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ തന്നെ സത്യപ്രതിജ്ഞ നടത്താൻ തീരുമാനിക്കപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന്, 14-06-2026, രാവിലെ 11 മണിക്ക്, വിയ്യൂർ സെൻട്രൽ ജയിലിലെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് സുഗതന്റെ സത്യപ്രതിജ്ഞ നടക്കുക. കോടതി നിർദേശവും സർക്കാർ സ്വീകരിച്ച നിലപാടും അനുസരിച്ചാണ് ഈ നടപടികൾ പൂർത്തിയാക്കുന്നത്. സത്യപ്രതിജ്ഞ പൂർത്തിയാകുന്നതോടെ കോടതി നിർദേശിച്ച നടപടിക്രമം പാലിച്ച കൗൺസിലർമാരുടെ പട്ടികയിൽ സുഗതനും ഉൾപ്പെടും.

ഇങ്ങനൊരു സംഭവം കേരള ചരിത്രത്തിൽ ഇത് ആദ്യമായാണ്.ഇന്ന് 11 മണിക്ക് വിയ്യൂർ ജയിലിൽ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞയിൽ തിരുവനന്തപുരം മേയർ വിവി രാജേഷും പങ്കെടുക്കും.

Tags: